ബഷീർ എന്ന മാജിക്കുകാരൻ

ബേപ്പൂർ സുൽത്താനും അദ്ദേഹത്തിന്റെ മാൻഗോസ്റ്റെയിൻ മരച്ചുവടും അവിടുത്തെ ചർച്ചകളും മലയാളിയുടെ മനസ്സിൽ ഒരു ക്‌ളീഷേ ആയി പടർന്നിരുന്ന കാലം.ബേപ്പൂർ വഴി പോകുന്ന സാഹിത്യ സാംസ്‌കാരിക നായകരൊക്കെ സുൽത്താനെ കാണാതെയും അദ്ദേഹത്തിന്റെ ഉപചാരങ്ങൾ സ്വീകരിക്കാതെയും മടങ്ങാറില്ലായിരുന്നു.സൗദിയിലെ പ്രവാസ ജീവിതത്തിന്റെ രണ്ടാമൂഴം.മനസ്സിൽ നിറയെ സിനിമയും കൂടെ വായനയുമായി കടന്നുപോയ നാളുകൾ.

അക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു വയനാനുഭവമായിരുന്നു ”വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ ” സമ്മാനിച്ചത്. തുടരെയുള്ള വായനയിൽ അതുവരെ കാണാതിരുന്ന പ്രണയത്തിന്റെയും സ്നേഹത്തിന്റെയും മനുഷ്യന്റെ ഏകാന്തതയുടേയും ഏതൊക്കെയോ പുതു മേഖലകളിലേക്ക് എന്റെ മനസ്സിനെ എടുത്തെറിയപ്പെട്ടു.പരസ്പരം കാണാനാകാതെ മനസ്സിന്റെ ഒറ്റപ്പെടലുകളിൽ ആശ്വാസമായെത്തുന്ന പ്രണയമെന്ന മാസ്മരിക വികാരത്തിന്റെ ഭംഗി എന്നെ വല്ലാതെ ആകർഷിച്ചു.

” മതിലുകൾ ” എന്ന കഥയുടെ ചലച്ചിത്ര പരിണാമത്തെ ഞാൻ മനസ്സിൽ താലോലിച്ചു തുടങ്ങി.ഒരിക്കൽ എന്റെ ഗുരുസ്ഥാനീയനായ പ്രശസ്ഥ സിനിമാസംവിധായകൻ പി.എ.ബക്കറിനോട് ഈ കഥ സിനിമയാകുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.നമുക്ക് ഗുരുജിയെ നേരിൽ കണ്ടു കാര്യം അവതരിപ്പിക്കാമെന്നു പറഞ്ഞു എന്നെ വയലായിലെ വീട്ടിലെത്തിക്കുന്നത് ബക്കർജിയാണ്.

അന്ന് ”ശ്രീനാരായണ ഗുരു ”എന്ന ബക്കർജിയുടെ സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സമയം .ആ സിനിമയെ കുറിച്ച് ഗുരുജി ബക്കർജിയോട് വിശദമായി ചോദിക്കുന്നുണ്ടായിരുന്നു.സംഭാഷണങ്ങളിലിടക്ക് ബക്കർജി എന്നെ ചൂണ്ടി ” ഇവന് മതിലുകൾ സിനിമയാക്കിയാൽ കൊള്ളാമെന്നുണ്ട്,ഗുരുജിക്ക് സമ്മതമെങ്കിൽ ”എന്ന് പറഞ്ഞുനിർത്തിയതും സുൽത്താൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.എന്നിട്ട് പറഞ്ഞു ,
‘കുറെ നാളുകൾക്കുമുൻപ് ഭാസ്കരൻ സിനിമയാക്കണമെന്നു പറഞ്ഞു പിന്നെ ഗോപാലകൃഷ്ണൻ പതിനായിരം രൂപയും തന്ന് അതിന്റെ അവകാശവും വാങ്ങിപ്പോയിട്ട് കുറച്ചായി,ഇനി ഗോപാലകൃഷ്‌ണൻ ചെയ്യുന്നില്ലെങ്കിൽ നിനക്ക് വാങ്ങിത്തരാം ഞാനൊന്ന് ചോദിച്ചുനോക്കട്ടെ , അകത്തേക്ക് ചൂണ്ടി അതാ അകത്തു കെട്ടുകണക്കിനു എഴുതിയതിരിപ്പുണ്ട് അതിലേതെങ്കിലും മതിയെങ്കിൽ നീ തിരഞ്ഞെടുത്തോ ”ഞാൻ ബക്കർജിയെ നോക്കുന്നത് കണ്ടിട്ട് ,കുറെ ദിവസങ്ങൾ വേണ്ടിവരും,എന്താ നോക്കുന്നോ എന്നായി സുൽത്താൻ.

സകല ചരാചരങ്ങളെക്കുറിച്ചും അണ്ഡകടാകങ്ങളെക്കുറിച്ചും ഒത്തിരി പുത്തനറിവുകൾ ഗുരുമുഖത്തുനിന്നു പഠിച്ചു.

സ്നേഹത്തിന്റെ കുളിർമ്മയും ജീവിതത്തിന്റെ അഗാധ സത്യങ്ങളും നമ്മെ പിടിച്ചുവലിച്ചു കൊണ്ടുപോയി കാണിച്ചു തരുന്ന, ഒന്നുമൊന്നും ഇമ്മിണി വലിയ ഒന്നാണെന്ന ജീവിതപ്പൊരുള് നമ്മെ പഠിപ്പിച്ച കഥകളുടെ ആ വലിയ മാന്ത്രികനുമായി ചിലവഴിച്ച ദിനങ്ങൾ ഇന്നും ഒരു മുതൽക്കൂട്ടായി മനസിന്റെ ചെപ്പിൽ സൂക്ഷിക്കുന്നു.

വിശ്വസാഹിത്യത്തിലെ ഏറ്റവും മെച്ചപ്പെട്ട നൂറ് കഥകൾ പരിഗണിക്കുകയാണെങ്കിൽ ” പാത്തുമ്മയുടെ ആടും , മതിലുകളും ” തീർച്ചയായും അതിലുൾപ്പെടുമെന്ന് മലയാള ഭാഷയുടെ പരിമിതികൾ അംഗീകരിച്ചുകൊണ്ട് തന്നെ ഞാൻ വിശ്വസിക്കുന്നു.

ആസ്വാദനത്തിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഒരു വിലയിരുത്തലിന് തയ്‌യാറായാൽ ഈ രണ്ടു കഥകളും ലോകനിലവാരത്തിൽനിന്ന് ഒരിക്കലും മാറ്റിനിർത്താനാവില്ല. നമ്മുടെ സ്വകാര്യ അഹങ്കാരത്തിനുമപ്പുറം യാഥാർഥ്യത്തിന്റെ മാനങ്ങളുള്ള ഒരു സത്യം മാത്രമാണത്.കാലാതിവർത്തിയായ കഥകൾ എന്നൊക്കെ നാം പറയുന്ന ഒരു തലത്തിലേക്ക് വർഷങ്ങൾ കഴിഞ്ഞാലും പൂർവ്വാധികം ശക്തിയോടെ വായനയുടെ ലോകത്ത്‌ ആ കഥകൾ തിളങ്ങിക്കൊണ്ടേയിരിക്കും.

മലയാളി മനസ്സിന് മാത്രമായിട്ടുള്ള ഒരായിരം പ്രത്യേകതകൾ ബഷീർ കഥകളിലുണ്ട്.കാലങ്ങൾക്കു ശേഷം വ്യത്യസ്തമായ ഒരു പുനർവായന ആവശ്യപ്പെടുന്ന തരത്തിൽ ബഷീറിയൻ കൃതികൾ തിരിച്ചറിയപ്പെടുകയാണിപ്പോൾ.പ്രസക്തമായ പഠനങ്ങളുടെ ഫലമായി വരുംകാലങ്ങളിൽ ആസ്വാദകരുടേയും പണ്ഡിതരുടേയും വിലപ്പെട്ട വിഷയമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.

ബഷീർ കഥകൾ ജീവിതാനുഭവങ്ങളുടെ അഗ്നിയിൽ ശുദ്ധിവരുത്തി നർമ്മത്തിന്റെ സുഗന്ധം ചാലിച്ചു സാധാരണക്കാരന്റെ സംസാരഭാഷയിലെ താളമേളപ്പെരുക്കങ്ങളുടെ മന്ത്രികച്ചെപ്പുകളിലൂടെ ഇറ്റുവീണ തേൻതുള്ളികളായിരുന്നു.ബഷീറിയൻ കഥകളുടെ ഓരോവായനയും നാക്കിൽ ഇറ്റിക്കുന്ന നർമ്മമധുരത്തിന്റെ വേഗതയോടെ സ്നേഹമാകുന്ന ലക്ഷ്യത്തിലേക്കുള്ള ഒരു തീർത്ഥയാത്രയായാണ് അനുഭവപ്പെടുന്നത്.

നിസാർ ജമീൽ

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here