വമ്പൻ റിലീസുമായി തലയുടെ വിവേകം

തല അജിത്തിന്‍റെ ഏറ്റവും പുതിയ ത്രില്ലർ ചിത്രമായ വിവേകം തമിഴ്നാടിനൊപ്പം കേരളത്തിലും വമ്പൻ റിലീസിനൊരുങ്ങുന്നു. ഹിറ്റ് നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ് വിവേകം കേരളത്തിലെത്തിക്കുന്നത്. സംസ്ഥാനത്തെ 250ലേറെ സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്‍റേതായി പുറത്തുവന്ന ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണുണ്ടായത്. കേരളത്തിൽ ചിത്രം മികച്ച വിജയമാകുമെന്ന പ്രതീക്ഷയിലാണ് ടോമിച്ചൻ മുളകുപാടം. ദിലീപിന്‍റെ രാമലീലയാണ് ടോമിച്ചന്‍റെ നിർമാണത്തിൽ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം.

വീരം, വേതാളം എന്നീ ചിത്രങ്ങൾക്കു ശേഷം തലയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് വിവേകം. അജിത്തിന്‍റെ കിടിലൻ ആക്‌ഷൻ രംഗങ്ങളും മനോഹരമായ ഫ്രെയിമുകളും തന്നെയാണ് ചിത്രത്തിന്‍റെ പ്രത്യേകത. തലയ്ക്കൊപ്പം ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു. കാജൽ അഗൾവാളാണ് നായിക.

ഇന്‍റര്‍പോള്‍ ഓഫീസറായാണ് അജിത്ത് ചിത്രത്തിലെത്തുന്നത്. സിനിമയ്ക്കു മൂന്നു ഭാഗങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കരുണാകരൻ, അക്ഷര ഹാസൻ, രാജേന്ദ്രൻ എന്നിവരും ചിത്രത്തിലെത്തുന്നു.

വൈരമുത്തു, വിവേഖ, യോഗി ബി. ശിവ എന്നിവരുടെ വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബൾഗേറിയ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷൻ. സത്യജ്യോതി ഫിലിംസിന്‍റെ ബാനറിൽ സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here