ഫ്രാന്‍സ്‌-ഹോളണ്ട്‌ ഇന്ന്‌ സൂപ്പര്‍ പോരാട്ടം

പാരീസ്‌: യൂറോപ്യന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഇന്നു സൂപ്പര്‍ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്‌ ഇന്ന്‌ കരുത്തരായ ഹോളണ്ടിനെ നേരിടും. യോഗ്യത ഉറപ്പാക്കാന്‍ ഫ്രഞ്ച്‌ പടയിറങ്ങുമ്പോള്‍ യോഗ്യത പരുങ്ങലിലായ ഹോളണ്ടിന്‌ ഇന്നു ജീവന്മരണ പോരാട്ടമാണ്‌.

ഗ്രൂപ്പ്‌ എയില്‍ 13 പോയിന്റുമായി ഫ്രാന്‍സ്‌ രണ്ടാം സ്‌ഥാനത്താണ്‌. അത്രതന്നെ പോയിന്റുള്ള സ്വീഡനാണ്‌ ഗോള്‍ ശരാശരിയില്‍ ഒന്നാം സ്‌ഥാനത്ത്‌. ഇന്ന്‌ ഒരു ജയം നേടാനായാല്‍ ഗ്രൂപ്പില്‍ മുന്നിലെത്താമെന്ന പ്രതീക്ഷയിലാണ്‌ ഫ്രഞ്ച്‌ ടീം. അതേസമയം ഗ്രൂപ്പില്‍ 10 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുള്ള ഹോളണ്ട്‌ നിലനില്‍പ്പിനായാണ്‌ പോരാടാന്‍ ഇറങ്ങുന്നത്‌.

ശ്രദ്ധേയമായ മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സ്‌ തങ്ങളുടെ കരുത്തുറ്റ ടീമിനെയല്ല ഇറക്കുന്നത്‌. ആന്റണി മാര്‍ഷ്യല്‍, ബാഴ്‌സലോണയുടെ പുതിയ താരം ഔസ്‌മാനെ ഡെംപ്‌ലെ, റാഫേല്‍ വരാനെ എന്നിവര്‍ ഫ്രഞ്ച്‌ നിരയില്‍ ഉണ്ടാകില്ല.

അതേസമയം നിര്‍ണായക മത്സരത്തിന്‌ തയാറെടുക്കുന്ന ഹോളണ്ട്‌ സര്‍വസന്നാഹങ്ങളുമായാണ്‌ പാരീസില്‍ എത്തിയിരിക്കുന്നത്‌. റഷ്യയില്‍ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ ഇന്ന്‌ അവര്‍ക്ക്‌ മൂന്നു പോയിന്റ്‌ കൂടിയേ തീരൂ.

ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ റോബിന്‍ വാന്‍ പേഴ്‌സിയിലും സ്‌ട്രൈക്കര്‍ മെംഫിസ്‌ ഡിപേയിലുമാണ്‌ ഹോളണ്ട്‌ പ്രതീക്ഷയര്‍പ്പിക്കുന്നത്‌.

ഗ്രൂപ്പില്‍ ഒന്നാം സ്‌ഥാനത്തുള്ള സ്വീഡനും ഇന്ന്‌ ഇറങ്ങുന്നുണ്ട്‌. ബള്‍ഗേറിയയ്‌ക്കെതിരേയാണ്‌ സ്വീഡിഷ്‌ പടയുടെ ഇന്നത്തെ മത്സരം. തുടര്‍ച്ചയായി നാലാം ജയം നേടി യോഗ്യത ഉറപ്പാക്കുകയാണ്‌ അവരുടെ ലക്ഷ്യം. മറ്റു മത്സരങ്ങളില്‍ ലക്‌സംബര്‍ഗ്‌ ബെലാറസിനെ നേരിടുമ്പോള്‍ നാളെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ഫറോ ദ്വീപിനെയും സ്വീറ്റ്‌സര്‍ലന്‍ഡ്‌ അന്‍ഡോറയെയും ബെല്‍ജിയം ഗിബ്രാള്‍ട്ടറിനെയും ഹംഗറി ലാത്വിയയെും നേരിടും.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here