ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ്‌: നാലാമങ്കം ഇന്ന്‌

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരം ഇന്ന്‌ കൊളംബോ പ്രേമദാസ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. അഞ്ചു മത്സര പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചു പരമ്പര സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പ്‌ മുന്നൊരുക്കത്തിന്‌ തയാറെടുക്കുമ്പോള്‍ മാനം കാക്കാനുള്ള പോരാട്ടത്തിലാണ്‌ ശ്രീലങ്ക.

നാലു മത്സരങ്ങള്‍ക്കിടെ മൂന്നാം നായകന്‍റെ കീഴിലാണ്‌ ലങ്ക ഇറങ്ങുന്നത്‌. രണ്ടാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ നായകന്‍ ഉപുല്‍ തരംഗയ്‌ക്ക് രണ്ടു മത്സരങ്ങളില്‍ വിലക്ക്‌ നേരിട്ടതിനെത്തുടര്‍ന്ന്‌ ചമര കപുഗേദരയായിരുന്നു മൂന്നാം മത്സരത്തില്‍ ലങ്കയെ നയിച്ചത്‌.

എന്നാല്‍ മത്സരത്തിനിടെ പരുക്കേറ്റ കപുഗേദരയ്‌ക്ക് ടീമില്‍ ഇടംപിടിക്കാന്‍ കഴിയാതെ പോയതിനെത്തുടര്‍ന്ന്‌ പേസര്‍ ലസിത്‌ മലിംഗയാകും ഇന്ന്‌ ശ്രീലങ്കയെ നയിക്കുക.

നേരത്തെ നടന്ന ടെസ്‌റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ട ശ്രീലങ്കയ്‌ക്ക് ഏകദിന പരമ്പരയെങ്കിലും മാനം കാക്കാന്‍ ഇന്നു ജയം കൂടിയേ കഴിയൂ. മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 2:30-ന്‌ ആരംഭിക്കും. സോണി ടെന്നിലും സോണി സിക്‌സിലും തത്സമയം.

നായകന്‍ മാറിയതു കൊണ്ടു ലങ്കയുടെ തോല്‍വി പരമ്പരയ്‌ക്ക് അറുതിയാകുമെന്ന്‌ ആരാധകര്‍ വിശ്വസിക്കുന്നില്ല. ടെസ്‌റ്റ് പരമ്പരയും ഏകദിന പരമ്പരയും അടിയറവച്ച അവര്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ സ്‌പിന്നര്‍ അഖില ധനഞ്‌ജയയില്‍ മാത്രമാണ്‌ പ്രതീക്ഷ.

രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌പിന്നര്‍ അഖില ധനഞ്‌ജയയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ പകച്ച ഇന്ത്യ മുന്‍നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെയും പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെയും ചെറുത്തുനില്‍പ്പിലാണ്‌ വിജയം സ്വന്തമാക്കിയത്‌.

മൂന്നാം ഏകദിനത്തിലും ധനഞ്‌ജയ ഇന്ത്യന്‍ ബാറ്റിങ്‌ നിരയെ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇക്കുറി ധോണിക്കൊപ്പം രോഹിത്‌ ശര്‍മയാണ്‌ ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്‌. കൊളംബോയിലും സ്‌പിന്‍ ട്രാക്കിലാണ്‌ മത്സരമെന്നതിനാല്‍ ലങ്ക ഏറെ പ്രതീക്ഷയിലാണ്‌. ധനഞ്‌ജയയ്‌ക്കു മികച്ച പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതാണ്‌ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവര്‍ക്ക്‌ വിനയായത്‌. ഇക്കുറി ആ പിഴവിനു പരിഹാരം കാണാനാകും അവരുടെ ശ്രമം.

കഴിഞ്ഞ തവണ ധനഞ്‌ജയയുടെ സ്‌പിന്നിനു മുന്നില്‍ തകര്‍ന്ന മുന്‍നിര പിഴവു തിരുത്തുമെന്ന്‌ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി നേരത്തെ പറഞ്ഞിരുന്നു. ലങ്കയുടെ ടോപ്‌ സ്‌പിന്നറെ തന്നെ ആക്രമിച്ചു കളിക്കാനാകും ഇന്ന്‌ ടീം ഇന്ത്യയുടെ ശ്രമം.

ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here